Friday 20 November 2009

St. Vincent De Paul Home, Kanyakumari (Sunday Shalom)

മണ്ണിന്റെ മണമുള്ള ദൈവവിളി (സണ്‍‌ഡേ ശാലോം)



മലയോര നഗരമായ പുനലൂരില്‍ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ മധ്യാഹ്നം. പാതയോരത്ത് കരളലിയിപ്പിക്കുന്ന കാഴ്ച. മാനസിക രോഗിയായ ഒരു ഹിന്ദിക്കാരന്‍ നിലത്തിരുന്ന് പൂഴിമണ്ണ് കുഴച്ച് ആര്‍ത്തിയോടെ വാരിത്തിന്നുന്നു. വഴിയാത്രികര്‍ കാഴ്ചകണ്ട് കടന്നുപോകുന്നു. അവിചാരിതമായി സമീപഗ്രാമവാസിയായ മേനാച്ചേരിയില്‍ തങ്കച്ചനും ഈ കാഴ്ച കണ്ടു. മനസൊന്ന് തേങ്ങി. പിന്നെ മുന്നോട്ട് നടന്നു. ഏതാനും ചുവടുകള്‍ മുന്നോട്ട് പോയ തങ്കച്ചന്റെ ഉള്ളില്‍ അഗാധമായ വേദന തോന്നി. ഉടനെ തിരികെ നടന്ന് അയാളുടെ അടുത്തെത്തി.
കണ്ടാല്‍ ആര്‍ക്കും അറപ്പും വെറുപ്പും തോന്നുന്ന രൂപമായിരുന്നു അയാളുടേത്. താടിയും മുടിയും നീട്ടിവളര്‍ത്തി കീറിപ്പറിഞ്ഞ ഷര്‍ട്ടും പാന്റ്‌സുമിട്ട ആജാനുബാഹുവായ മനുഷ്യന്‍. ആദ്യം അല്‍പം അകലെ നിന്നുകൊണ്ട് ചോറ് വാങ്ങിത്തരാം എന്ന് ആംഗ്യം കാണിച്ചു. അയാള്‍ കണ്ട ഭാവം നടിക്കാതെ പൂഴി വാരി തിന്നുകൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ പ്രചോദനത്താല്‍ തങ്കച്ചന്‍ ആ മനുഷ്യന്റെ കൈയില്‍ കടന്നുപിടിച്ചു. ഉടന്‍ അയാള്‍ ചാടി എഴുന്നേല്‍ക്കുകയും എന്തൊക്കെയോ പുലമ്പുക യും ചെയ്തു. ഹിന്ദിയില്‍ മറുപടി പറയാന്‍ തങ്കച്ചന് അറിയില്ലായിരുന്നു. അടുത്തുള്ള കാന്റീനില്‍ നിന്നും ഒരു പൊതിച്ചോറ് വാങ്ങി അയാ ള്‍ക്ക് നല്‍കി. അയാളത് ഭക്ഷിച്ച് തൃപ്തനായി കടന്നുപോയി. ഈ സംഭവം ഒരു മഹത്തായ ദൈവവിളി ശുശ്രൂഷയുടെ ആരംഭമായിരുന്നെന്ന് തങ്കച്ചന്‍ അന്ന് തിരിച്ചറിഞ്ഞില്ല.
ഇന്ന് അനാഥരും രോഗികളുമായ അനേകം തെരുവിന്റെ മക്കള്‍ക്ക് അഭയവും അന്നവും നല്‍കുന്ന പുനലൂര്‍ കക്കോട് ഗ്രാമത്തിലെ ദിവ്യമാതാ ആശ്രമം തുടങ്ങുവാന്‍ മേനാച്ചേരിയില്‍ തങ്കച്ചനും കുടുംബാംഗങ്ങള്‍ക്കും പ്രചോദനമായത് ഈ സംഭവമായിരുന്നു.
മണ്ണ് തിന്നുന്ന മനുഷ്യന് ആഹാരം വാങ്ങിക്കൊടുത്ത സംഭവം അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഭാര്യയോടും മക്കളോടും പങ്കുവച്ചു. ഭാര്യ ലിസി അപ്പോള്‍ പറഞ്ഞു: എന്നും ഭക്ഷണം നല്‍കാന്‍ സാധിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരു ദിവസം നമ്മുടെ ഭക്ഷണം വേണെ്ടന്നുവച്ച് അത് തെരുവില്‍ അലയുന്നവര്‍ക്ക് നല്‍കാം. ടാപ്പിങ്ങ് തൊഴിലാളിയായ തങ്കച്ചന്‍ വളരെ ബുദ്ധിമുട്ടിയാണ് വീട്ടുകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. എങ്കിലും ഉള്ളതിന്റെ ഓഹരി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.
ആദ്യദിവസം പൊതിച്ചോറ് കെട്ടി അഞ്ചു കിലോമീറ്റര്‍ നടന്ന് ടൗണിലെത്തി. വഴിയില്‍ കണ്ട ഭ്രാന്തന് വലിയ ഭയത്തോടും ആശങ്കയോടുംകൂടി പൊതിച്ചോറിലൊരെണ്ണം നല്‍കി. അയാള്‍ അത് വാങ്ങി മണത്തുനോക്കിയശേഷം തങ്കച്ചന്റെ നേരെ തന്നെ എറിഞ്ഞു. പൊതി നിലത്ത് വീണ് ചിതറി. ഇനി ഈ പണിക്ക് ഞാനില്ല എന്ന് മനസില്‍ തീരുമാനിച്ച് മുന്നോട്ട് നടന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ ചോറ് എറിഞ്ഞുകളഞ്ഞ മനുഷ്യന്‍ തന്നെ അത് വാരിക്കഴിക്കുന്നു. തുടര്‍ന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും തെരുവുമക്കള്‍ക്ക് ചോറുപൊതികളുമായി ടൗണില്‍ വന്നുകൊണേ്ടയിരുന്നു. ഒന്നര വര്‍ഷം ഈ രീതി തുടര്‍ന്നു. അപ്പോഴേക്കും മാനസിക രോഗികളായവര്‍ തങ്കച്ചന്റെ സ്‌നേഹിതന്മാരായി മാറിക്കഴിഞ്ഞിരുന്നു.
ആ നാളുകളില്‍ ആകാശപ്പറവകളുടെ കൂട്ടുകാരനായ കുറ്റിക്കലച്ചനെക്കുറിച്ച് അറിയാനിടയായി. അച്ചന്റെ ധ്യാനം കൂടാന്‍ പോവുകയും വളരെ കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് തങ്കച്ചനും ഭാര്യയും രണ്ടുമക്കളും അച്ചന്റെ സ്ഥാപനത്തില്‍ ആറു മാസക്കാലം താമസിച്ച് പ്രവര്‍ത്തിച്ചു. അച്ചന്റെ നിര്‍ദ്ദേശപ്രകാരം സ്വഭവനത്തിലേക്ക് വണ്ടി കയറി. പുനലൂര്‍ ടൗണില്‍ വന്നിറങ്ങിയപ്പോള്‍ ഭക്ഷണത്തിനും സാധനങ്ങള്‍ വാങ്ങുന്നതിനും പണമില്ലായിരുന്നു. എങ്കിലും തീക്ഷ്ണമായി നാലുപേരും ചേര്‍ന്ന് പ്രാര്‍ത്ഥിച്ചു. മൂത്തമകള്‍ കമ്മല്‍ ഊരി നല്‍കി. അത് പണയം വച്ച് ആഹാരസാധനങ്ങള്‍ വാങ്ങി. അടുത്തദിവസം ടൗണില്‍ വച്ച് ശരീരം പൊട്ടിയൊലിക്കുന്ന വിധത്തില്‍ കണ്ട വൃദ്ധനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വണ്ടി കഴുകിക്കൊടുക്കാം എന്ന വ്യവസ്ഥയിലായിരുന്നു ഡ്രൈവര്‍ അയാളെ പണിയില്‍ കയറ്റിയതുപോലും. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഇവരുടെ വീട്ടില്‍ ഈ വൃദ്ധനെകൂടി സ്വീകരിക്കുക പ്രയാസമായിരുന്നു. എങ്കിലും ദൈവത്തെ പ്രതി സഹിച്ചു. തെരുവില്‍നിന്നും കുഷ്ഠരോഗിയെ കൊണ്ടുവന്നു എന്നറിഞ്ഞ് അയല്‍വാസികള്‍ എതിര്‍ത്തു. ആരോടും പ്രതികരിച്ചില്ല. ആ നാളുകളില്‍ ഈ കുടുംബം ഏറെ സഹിച്ചു. കുട്ടികള്‍ക്ക് മതപഠന ക്ലാസില്‍ ചെന്നപ്പോള്‍ രോഗഭീതിമൂലം പ്രത്യേക ബഞ്ചില്‍ ഇരിക്കേണ്ടി വന്നു. ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ട വക സമ്പാദിക്കുവാന്‍ ദിവസവും 1200 റബ്ബര്‍ വെട്ടിയിരുന്നു. കൂലിയായി ലഭിക്കുന്ന തുകകൊണ്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങി. തങ്കച്ചനും ഭാര്യ ലിസിയും രാവിലെ മൂന്നുമണിക്ക് ഉണര്‍ന്ന് പ്രാര്‍ത്ഥനയും തുടര്‍ന്ന് ജോലികളും ചെയ്തിരുന്നു. മാതാപിതാക്കളുടെ മാതൃകാജീവിതശൈലിയില്‍ വളര്‍ന്ന മകള്‍ ലീതു എ.എസ്.എം.ഐ മഠത്തിലും ഇളയ മകള്‍ ലീനു എല്‍.എസ്.ഡി.പി മഠത്തിലും ചേര്‍ന്നു പഠനം തുടരുന്നു.
പത്തുവര്‍ഷം പിന്നിടുന്ന ദിവ്യമാത ആശ്രമത്തില്‍ ഇപ്പോള്‍ 25 അന്തേവാസികളുണ്ട്. കൂടാതെ നിരവധിപേര്‍ രോഗം ഭേദമായി സ്വഭവനത്തിലേക്ക് മടങ്ങുന്നു. ദൈവപരിപാലനയില്‍ പൂര്‍ണമായി ആശ്രയിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നാനാജാതി മതസ്ഥര്‍ വേണ്ട പ്രോത്സാഹനം നല്‍കിവരുന്നു. തെരുവില്‍നിന്ന് ലഭിക്കുന്ന മക്കളെ മാത്രമേ ഇവിടെ സ്വീകരിക്കാറുള്ളൂ.സ്ഥിരബുദ്ധിയില്ലാത്ത മക്കളെ വീടിനുള്ളില്‍ അടച്ചിട്ടാണ് ഇപ്പോള്‍ ശുശ്രൂഷിക്കുന്നത്. സ്ഥാപനത്തിന് നല്ലൊരു ചുറ്റുമതില്‍ നിര്‍മിച്ചാല്‍ രോഗികളെ കോമ്പൗണ്ടില്‍ തുറന്നുവിടാന്‍ സാധിക്കുമെന്ന് തങ്കച്ചന്‍ പറയുന്നു. കുടുംബാംഗങ്ങളുടെ സഹകരണവും കൂട്ടായ്മയുമാണ് ഇത്തരമൊരു ആശ്രമം നടത്തിക്കൊണ്ടുപോകാന്‍ തങ്കച്ചന് ശക്തി പകരുന്നത്. ഈ സ്ഥാപനത്തില്‍ പ്രത്യേകിച്ച് ശുശ്രൂഷകര്‍ ആരുമില്ല. എല്ലാ ജോലികളും ഇവര്‍ ഒരുമിച്ച് ചെയ്യുന്നു. രോഗികളെ കുളിപ്പിക്കുന്നതും ചികിത്സയ്ക്ക് കൊണ്ടുപോകുന്നതും അവര്‍ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതും വീട് ശുചീകരിക്കുന്നതുമെല്ലാം ഏറെ ത്യാഗത്തോടെ ഈ ദമ്പതികള്‍ നിര്‍വഹിച്ചുവരുന്നു. ഇവരുടെ മക്കള്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ഏറെ കഷ്ടപ്പാടും പ്രയാസങ്ങളും സന്തോഷത്തോടെ സഹിച്ചു.
ഇവിടെ വന്നതിനുശേഷം മാനസിക രോഗത്തിന് സൗഖ്യം ലഭിച്ചവര്‍ അനേകരാണ്. തങ്കച്ചന്റെയും കുടുംബത്തിന്റെയും സ്‌നേഹപൂര്‍ണമായ പരിചരണം, പ്രാര്‍ത്ഥന എന്നിവ മൂലമാണ് ഈ അത്ഭുതങ്ങള്‍ സംഭവിച്ചത്. സ്‌നേഹത്തിന് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്ല എന്ന സത്യം നമുക്കിവിടെ ബോധ്യമാകും. സമൂഹം ശല്യമെന്ന് കരുതി ആട്ടിപ്പായിച്ച ജീവിതങ്ങള്‍ക്ക് ദൈവം വില കല്‍പിക്കുന്നു എന്ന തിരിച്ചറിവ് ഓരോ രോഗിയെയും സ്വീകരിക്കാന്‍ തങ്കച്ചനും കുടുംബത്തിനും ശക്തി പകരുന്നു. പുറമ്പോക്കിലെ ഏതാനും സെന്റ് സ്ഥലത്താണ് ഈ സ്ഥാപനം ഇന്നും പ്രവര്‍ത്തിക്കുന്നത്. പുറമ്പോക്കില്‍ സ്വന്തമായുള്ള ഇത്തിരിപ്പോന്ന വീട് സമൂഹത്താല്‍ പുറന്തള്ളപ്പെട്ട ദൈവമക്കള്‍ക്ക് വേണ്ടി പങ്കുവയ്ക്കാനുള്ള മനസ് ഇവരുടെ ഹൃദയവിശാലതയുടെ പ്രതിബിംബമാണ്.
അനുദിന വിശുദ്ധ ബലികളിലൂടെ ദൈവത്തില്‍ നിന്നും ശക്തി സ്വീകരിച്ച് ഈ ഭവനം മുന്നോട്ടുപോകുന്നു. സമ്പന്നതയില്‍ നിന്നല്ല ഇവരുടെ ശുശ്രൂഷ. കൂലിപ്പണി ചെയ്തുപോലും അനാഥരെ സംരക്ഷിക്കാം എന്ന് ഇവര്‍ നമ്മെ പഠിപ്പിക്കുന്നു. ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഒരു അഭ്യുദയകാംക്ഷി വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു. പുനലൂര്‍ ടൗണില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാറി ചെങ്കുളം എന്ന സ്ഥലത്താണ് ദിവ്യമാതാ ആശ്രമം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വ്യത്യസ്തഭാഷകള്‍ സംസാരിക്കുന്ന അനാഥമക്കളെ സ്‌നേഹത്തിന്റെ ഭാഷകൊണ്ട് തങ്കച്ചന്‍ ശുശ്രൂഷിച്ചുപോരുന്നു.
എഴുത്തുകാരനും ധ്യാനപ്രഭാഷകനുമായ ബിജു തെക്കേടത്ത് തന്റെ സൃഷ്ടികള്‍ നടത്തിയത് ഈ ദിവ്യമാതാ ആശ്രമത്തിലെ കൊച്ചുമുറിയില്‍ ഇരുന്നുകൊണ്ടാണ്. അദ്ദേഹത്തിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം ഇവിടെയാണത്രേ. നിരവധി വൈദികര്‍ ഇവിടെ നീണ്ട ദിവസങ്ങള്‍ താമസിച്ച് ശുശ്രൂഷ ചെയ്ത് കടന്നുപോയിട്ടുണ്ട്.
വലിയ ഒരു സ്ഥാപനം പടുത്തുയര്‍ത്തുക എന്നതല്ല തങ്കച്ചന്റെ ലക്ഷ്യം. തികച്ചും സാധാരണക്കാരനായി നിന്നുകൊണ്ട് തന്റെ അധ്വാനത്തിന്റെ ഓഹരി പങ്കുവച്ചുകൊണ്ട് മുന്നോട്ടുപോകുക. സ്വന്തം മക്കളെയും സഹോദരങ്ങളെയും എങ്ങനെ ശുശ്രൂഷിക്കുമോ അതുപോലെ അനാഥരെ സ്വന്തമായി കണ്ട് ശുശ്രൂഷിക്കുക. ഏതാനും നാളുകള്‍ക്കുമുമ്പ് ഒരു തമിഴ്‌സ്ത്രീ മാനസികരോഗം സൗഖ്യമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ രണ്ടാഴ്ച്ചയ്ക്കുശേഷം അവര്‍ വീണ്ടും ദിവ്യമാതാ ആശ്രമത്തിലെത്തി. സ്വന്തം മക്കളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹവും പരിഗണനയും ദിവ്യമാതാ ആശ്രമത്തില്‍ ലഭിച്ചതാണ് അവര്‍ തിരികെ പോരാന്‍ കാരണമായി പറഞ്ഞത്. പ്രവൃത്തികളെ പ്രാര്‍ത്ഥനയാക്കി പ്രാര്‍ത്ഥനകളെ പുണ്യങ്ങളാക്കി മുന്നേറുന്ന ദിവ്യമാതാ ആശ്രമം നാളെയുടെ പ്രത്യാശയാണ്. ''ഒരു കൊടുങ്കാറ്റു വീശിയാല്‍ ആയിരം തിരിനാളങ്ങള്‍ അണഞ്ഞുപോയേക്കാം. എങ്കിലും ഒരു കൈത്തിരിനാളം കൊണ്ട് അണഞ്ഞുപോയ ആയിരം വിളക്കുകള്‍ വീണ്ടും തെളിക്കാനാകും.'' ഇത്തരമൊരു പ്രത്യാശയുടെ സങ്കീര്‍ത്തനമാണ് ദിവ്യമാതാ ആശ്രമത്തില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
ഒടുവില്‍ ഒരു ചോദ്യം കര്‍ത്താവ് നാമോരോരുത്തരോടും ചോദിക്കുന്നു. ''അണഞ്ഞുപോയ ഒരായിരം വിളക്കുകള്‍ തെളിക്കാന്‍ കുഞ്ഞേ നിനക്കാകുമോ?''